തിരുവനന്തപുരം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് മണ്ണന്തല പൊലിസിന്റെ പിടിയിലായത്. അമ്പൂരി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിനിയാണു പരാതിക്കാരി. ഇൻസ്റ്റഗ്രമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
മേയിലായിരുന്നു യുവതിയും മുഹമ്മദ് സഹീറും തമ്മിലുള്ള വിവാഹം. മുട്ടടയിൽ വാടകവീട്ടിൽ താമസിക്കുമ്പോൾ പണത്തിനു വേണ്ടി ഇയാൾ യുവതിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കെട്ടിയിട്ട് മർദിച്ചെന്നും യുവതി പൊലിസിന് മൊഴി നൽകി. പീഡനം തുടർന്നതോടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതി കോളജ് ഹോസ്റ്റലിൽ അഭയം തേടി. ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി വാട്സാപ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്.
കോളജ് അധ്യാപകരാണ് പൊലിസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടികൾക്ക് യുവതിക്ക് പിന്തുണ നൽകിയത്. തുടർന്നാണു പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്നലെ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു.